06:13pm 15 May 2026
NEWS
മുഖ്യമന്ത്രിയാകാൻ ഏറ്റവും അർഹൻ രമേശ് ചെന്നിത്തലയെന്ന് സുകുമാരൻ നായർ; മുസ്‌ലിം ലീഗ് അമിത സമ്മർദം ചെലുത്തിയത് ശരിയായില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി
14/05/2026  04:48 PM IST
nila
മുഖ്യമന്ത്രിയാകാൻ ഏറ്റവും അർഹൻ രമേശ് ചെന്നിത്തലയെന്ന് സുകുമാരൻ നായർ; മുസ്‌ലിം ലീഗ് അമിത സമ്മർദം ചെലുത്തിയത് ശരിയായില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി

കോട്ടയം: മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുത്ത കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ കോൺഗ്രസ് കീഴ്‍വഴക്കങ്ങളും ജനാധിപത്യ രീതികളും പാലിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മുഖ്യമന്ത്രിയാകാൻ യോ​ഗ്യൻ ചെന്നിത്തലയായിരുന്നെന്നും സുകുമാരൻ നായർ പറഞ്ഞു. മുസ്‌ലിം ലീഗ് അമിത സമ്മർദം ചെലുത്തിയത് ശരിയായ സമീപനമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഘടകകക്ഷികൾ എല്ലാവരും അഭിപ്രായം അറിയിച്ചിരുന്നുവെങ്കിലും നിർണായക സ്വാധീനം ചെലുത്തിയത് മുസ്‌ലിം ലീഗാണെന്ന് സുകുമാരൻ നായർ പറഞ്ഞു. മന്ത്രിസഭാ രൂപീകരണത്തിലും ഇതേ തരത്തിലുള്ള സമ്മർദങ്ങൾ തുടരുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തിന് പരിഗണിക്കപ്പെട്ട മൂന്ന് നേതാക്കളും യോഗ്യരായിരുന്നുവെങ്കിലും വ്യക്തിപരമായി നോക്കുമ്പോൾ രമേശ് ചെന്നിത്തല തന്നെയായിരുന്നു ഏറ്റവും അർഹനായ സ്ഥാനാർഥിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അനുഭവവും മാനദണ്ഡങ്ങളും പരിശോധിക്കുമ്പോൾ ചെന്നിത്തല എല്ലാവരിലും മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടുവെന്ന വാദത്തെയും സുകുമാരൻ നായർ ചോദ്യം ചെയ്തു. അത്തരമൊരു അഭിപ്രായത്തിന് അടിസ്ഥാനമായ കണക്കെടുപ്പോ ഭൂരിപക്ഷ പിന്തുണയോ എന്താണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് കീഴ്‍വഴക്കങ്ങൾ പാലിക്കാതിരുന്നതുകൊണ്ടാണ് എൻഎസ്എസ് പ്രതികരിക്കുന്നതെന്നും, ഇടതുപക്ഷം അവരുടെ രാഷ്ട്രീയ രീതികളിൽ സ്ഥിരത പുലർത്തുന്നുവെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img